കവളപ്പാറ ദുരന്തം: രണ്ട് ദിവസം കഴിഞ്ഞിട്ടും 54 പേരെ കണ്ടെത്താനായില്ല

0
81

മലപ്പുറം: ദുരന്തഭൂമിയായി മാറിയ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദുരന്തം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനുള്ളത് 54 പേരെ. തുടര്‍ച്ചയായുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കയാണ്. വീടുകള്‍ നിന്ന സ്ഥലങ്ങളില്‍ ഇപ്പോഴും 50 അടിയോളം ഉയരത്തില്‍ മണ്ണും ചളിയും മൂടിക്കിടക്കുകയാണ്.

ഒരു മലയുടെ ഭാഗം മുഴുവനാണ് ഇടിഞ്ഞുവീണത്. ഇതിനടയില്‍ 40 ഓളം വീടുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും കാരണം മണ്ണ് നീക്കാന്‍ ആവശ്യമായ യന്ത്ര സാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്ണിടിഞ്ഞ് ഈ പ്രദേശം ചതുപ്പ് പോലെയായി മാറിയിരിക്കയാണ്. ഇവിടെനിന്ന് ഇതിനകം കണ്ടെത്താന്‍ കഴിഞ്ഞത് ഒമ്പത് മൃതദേഹങ്ങള്‍ മാത്രം. ദുരിതത്തില്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട 150 ഓളം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.