ഒൻപത് പേർക്ക് പൊലീസ് മെഡൽ

0
106

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപത് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി.

കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ.ജി.സൈമണ്‍, കോഴിക്കോട് റെയ്ഞ്ച് എസ്ബിസിഐഡി എസ്‌പി എം.എല്‍. സുനില്‍, കോഴിക്കോട് വിജിലന്‍സ് എസ്പി എസ്. ശശിധരന്‍, തലശ്ശേരി ഡിവൈഎസ്‌പി കെ.വി. വേണുഗോപാലന്‍, തൃശ്ശൂര്‍ സിറ്റി ഡിസ്ട്രിക്റ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷംസുദ്ദീന്‍ എസ്., തിരൂര്‍ ഡിവൈഎസ്‌പി ജലീല്‍ തോട്ടത്തില്‍, എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ് എം., തൃശ്ശൂര്‍ റൂറല്‍ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി എം., ചവറ എസ്ഐ അനില്‍കുമാര്‍.വി എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 96 പേരാണ് മെഡലിന് അര്‍ഹരായത്. 

ഓണ്‍ലൈനിലൂടെ ജോലിവാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച നൈജീരിയ, കെനിയ, കാമറൂണ്‍ സ്വദേശികളായ ഒന്‍പതുപേരെ പിടികൂടിയതിനാണ് തിരൂര്‍ ഡിവൈഎസ്‌പി  ജലീല്‍ തോട്ടത്തില്‍ മെഡലിന് അര്‍ഹനായത്. രാജസ്ഥാന്‍, ഡല്‍ഹി, ബോംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ പ്രതികള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

ജിഷ വധക്കേസ്, ചാലക്കുടി രാജീവ് വധക്കേസ്, കുറുപ്പുംപടി ഏലിയാമ്മ വധക്കേസ് എന്നിവയിലെ അന്വേഷണമികവിനാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷംസുദ്ദീന്‍.എസ് മെഡല്‍ നേടുന്നത്.
സിനിമാനടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണമികവിലാണ് ഡിറ്റക്റ്റീവ് ഇന്‍സ്പെക്റ്ററായ ബൈജു പൗലോസ്   ആദരിക്കപ്പെടുന്നത്.

സ്വര്‍ണ്ണക്കവര്‍ച്ചക്കേസിലെ മോഷ്ടാക്കളെ ഉത്തരേന്ത്യയില്‍നിന്ന് പിടികൂടിയതിനാണ് മുഹമ്മദ് റാഫിക്ക് മെഡല്‍ ലഭിക്കുന്നത്. രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ് അനേഷിച്ചത് തെളിയിച്ചതിനാണ് എസ് ഐ അനില്‍ കുമാറിന് മെഡല്‍ ലഭിച്ചത്. അദ്ദേഹത്തിന്‍റെ അന്വേഷണമികവിനെ കോടതി പ്രശംസിച്ചിരുന്നു.