കശ്മീർ സംഭവം ; റിപ്പോർട്ടിങ് തുടരുമെന്ന് ബിബിസി

0
112

ന്യൂ ഡല്‍ഹി: കശ്മീരിലെ സംഭവങ്ങളെക്കുറിച്ച്‌ ഇനിയും റിപ്പോര്‍ട്ട് ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കാശ്മീര്‍ സംഭവത്തില്‍ ബിബിസിയുടെയും, റോയിറ്റേഴ്‌സിന്‍റെയും റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിബിസിയുടെ മറുപടി.

ട്വിറ്ററിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ച മോദി സര്‍ക്കാരിന് ബിബിസി മറുപടി നല്‍കിയത്. കശ്മീരിലെ സംഭവ വികാസങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണം നിഷേധിക്കുന്നുവെന്ന് ബിബിസി വ്യക്തമാക്കി.

കൃത്യമായും നിഷ്പക്ഷമായുമാണ് ബിബിസി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും ട്വീറ്റില്‍ പറയുന്നു. കശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും എന്തുവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരുമെന്നും ബിബിസി ട്വീറ്റിലൂടെ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശ്രീനഗറില്‍ 10000ത്തിലേറെപ്പേര്‍ പങ്കെടുത്ത റാലി നടന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിനെ പിന്തുണച്ച്‌ ബിബിസി വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ‘ഇവര്‍ക്കെതിരെ ഇന്ത്യന്‍ പൊലീസ് കണ്ണീര്‍ വാതകവും പെല്ലറ്റും പ്രയോഗിച്ചതായും’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെല്ലറ്റില്‍ നിന്നും രക്ഷപ്പെടാനായി ‘ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടേണ്ടിവന്നു’ എന്ന് ദൃക്‌സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ഇക്കാര്യമാണ് മോദിസര്‍ക്കാര്‍ നിഷേധിച്ചത്. ഈ വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റു ചെയ്തത്.

ശ്രീനഗറിലും ബാരാമുള്ളയിലും വളരെ ചെറിയ ചില പ്രക്ഷോഭങ്ങളുണ്ടായിരുന്നെന്നും അതിലൊന്നും 20ലേറെ ആളുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.