കൊടിപ്പടമഴിയുന്ന ലഡാക്

0
183

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ

ലഡാക്കിലൂടെ നടത്തിയ ദീർഘയാത്രയുടെ ഹ്രസ്വചിത്രം

ദേവലോകത്തേക്കുള്ള ചുരമാണ് ലഡാക്. അത്യുത്തരസ്യാംദിശി ദേവതാത്മാ… എന്ന് കാളിദാസൻ വാഴ്ത്തിയ ഹിമാലയത്തിന്റെ നെറുകയിലെ ഭസ്മക്കുറി. 

ലഡാക്. സിയാച്ചിൻ മഞ്ഞുമലകൾ മുതൽ കാരക്കോണം ഗിരിനിരകൾ വരെ നീണ്ട്  ഭുമിയിലേക്ക് സ്വർഗമിടിഞ്ഞു വീണിടം. ദേവഗന്ധർവ്വന്മാരും യക്ഷകിന്നരരും വാഴുന്നിടം. യൂണിയൻ ടെറിട്ടറി പിറവിയെടുക്കുന്നതിന് മുമ്പ് ലഡാക്കിലേക്കുള്ള യാത്രയുടെ ഹ്രസ്വവിവരണമാണിത്. ഡൽഹിയിൽ നിന്നും ലേ യിലേക്കുള്ള യാത്ര ആകാശമാർഗമായിരുന്നു.

ആകാശയാത്രയ്ക്ക് ഒരു പ്രശ്‌നമുണ്ട്. സമതലങ്ങളിൽ നിന്ന് 3500 മീറ്റർ ഉയരത്തിലേക്ക് പറന്നെത്തുമ്പോൾ ശരീരം ഗുരുത്വാകർഷണഭേദത്തോട് കലഹിക്കും. പ്രാണവായുവിന്റെ അഭാവംകാരണം ശ്വാസം കിട്ടാതെ വിഷമിക്കും. നെഞ്ചിടിപ്പ് കൂടും. ഹിമവാന്റെ നെറുകയിലാണെന്ന അഭിമാനബോധം ഈക്ലേശങ്ങളിൽ നിന്നും നമുക്ക് വിടുതൽ നൽകും. 

ഹിമാലയത്തിന്റെ മൂർദ്ധാവ് കണ്ട് സൻസ്‌ക്കാർ ഗിരിശൃംഗങ്ങൾക്ക് മുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. താഴെ പനംപായിൽ നെല്ല്ചിക്കിയ കാൽപ്പാടുപോലെ ഹാംഗ്രൂലൂപ്പ്‌സ് എന്ന കാർഗിൽ-ലേ വഴി. സംസ്‌ക്കാരത്തിന്റെ പിള്ളത്തൊട്ടിലായ സിന്ധുനദീതടത്തിന് മുകളിലൂടെ, ന്യമോയ്ക്ക്‌ തെക്കു മാറി സൻസാർനദിയുടെ വെള്ളിരേഖകടന്ന് വിമാനം പറക്കുമ്പോൾ  മുല്ലപ്പൂചൂടിയപോലെ മഞ്ഞുതൂവിയ ഹിമവൽശൃംഗങ്ങൾ ആദ്യം കണ്ണിൽപ്പെടുമ്പോൾ ഒരുമാത്ര ഹൃദയം നിലച്ചുപോകും. അത്ര ചേതോഹരമാണ് ഹിമവൽദർശനം.

3500 മീറ്റർ ഉയരെ ലേയിലേക്കെത്തുമ്പോൾ വെല്ലുവിളികൾ രണ്ടാണ്. ഒന്ന് പ്രാണവായുവിന്റെ ദൗർലഭ്യം. രണ്ട് ഹൈആൾട്ടിറ്റിയൂഡ് അസ്‌കിതകൾ. ലേയിൽ ചെന്നാൽ ആദ്യത്തെ ഒന്നരദിവസം ആയാസപ്പെടാൻ പാടില്ല. അക്ലൈമറ്റൈസേഷൻ എന്ന് പറയും. ഭൂപ്രദേശവുമായി ശരീരത്തെ സമരസപ്പെടുത്തുക. ചുമ്മാ ഒരിടത്ത് കിടന്ന് ചായ മോന്തുക. നടക്കരുത്. നടന്നാൽ കൈവീശരുത്. അത്രപോലുമായാസം പാടില്ല. അങ്ങനെ കൈകൊണ്ട് മെയ്‌ചൊറിയാതെ 36 മണിക്കൂർ.

പിന്നെ കാഴ്ചകളുടെ വിസ്മയത്തിലേക്കിറങ്ങാം. ലഡാക് ഭൗമശാസ്ത്രപരമായും, സാംസ്‌ക്കാരികമായും, ഭൗതികമായും വിഭിന്നമായ പ്രദേശമാണ്. ഹിമവൽനെറുകയിൽ ഗിരിശൃംഗങ്ങൾ നാലുപാടും കാവലാളായുള്ള വിചിത്രഭൂമി. പടിഞ്ഞാറേ അതിരിന് ടിബറ്റൻ പീഠഭൂമി അതിരിടുന്ന ഹിമാലയം. താഴെ ശിവാലിക് കുന്നുകൾ. ഒരുവശത്ത് ഗംഗാസമതലത്തിന്റെ ഭാഗമായ ധൗലന്തർ, പിർപഞ്ചാൽ നിരകൾ. സൻസ്‌ക്കാർ സുരു പർവ്വതശൃംങ്ങൾ പംഗോങ് തടാകത്തിന് അതിരിട്ട് കൈലാസം വരെ നീണ്ടുകിടക്കുന്നു. ലേയിലെ വിസ്മക്കാഴ്ചകൾ പിന്നാലെ…