വിക്രം സാരാഭായിയോടുള്ള ആദരവുമായി ഗൂഗിൾ ഡൂഡിൾ

0
215

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം അംബലാല്‍ സാരാഭായിയുടെ 100-ാംജന്മദിനത്തില്‍ ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻ രാജൂർകർ എന്ന കലാകാരനാണ് ഇത്തവണ ഡൂഡിൾ രൂപകൽപ്പന ചെയ്തത്.

1919 ഓഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച വിക്രം പ്രാഥമിക വിദ്യാഭ്യാസവും കോളജ് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കേംബ്രിഡ്‌ജില്‍ നിന്ന് പി.എച്ച്‌.ഡിയും സ്വന്തമാക്കി. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 28 -ാം വയസില്‍ 1947 നവംബര്‍ 11 ന് അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസേര്‍ച്ച്‌ ലാബോറട്ടറി സ്ഥാപിച്ചു.

1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച്‌ സ്ഥാപിച്ചു. ഇതിനെ പിന്നീട് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ എന്ന് പേര് മാറ്റുകയായിരുന്നു. ബഹിരാകാശത്ത് ഒരു ഇന്ത്യന്‍ ഉപഗ്രഹം എന്ന അദ്ദേഹത്തിന്റെ സ്വപ്‍നം 1975 ല്‍ ആര്യഭട്ടയെ ഭ്രമണപഥത്തിലെത്തിച്ചതിലൂടെ യാഥാര്‍ഥ്യമാക്കി. ശാസ്ത്രവും സാങ്കേതികവിദ്യയും വികസനത്തിന്റെ മുഖ്യഘടകമായി ഉപയോഗിക്കാമെന്ന ആശയത്തില്‍ അദ്ദേഹം വിശ്വസിച്ചിരിന്നു.

1966-ല്‍ പത്മഭൂഷണും 1972-ല്‍ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1971 ഡിസംബര്‍ 30-ന് കോവളത്ത് വച്ച്‌ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു. മലയാളിയും പ്രശസ്ത നര്‍ത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് ഭാര്യ.