ശ്രീറാം ജാമ്യത്തിൽ ; ആശുപത്രി വിട്ടു

0
111

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ കൊല്ലപ്പെട്ട കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിടും.

ശ്രീറാം വെങ്കിട്ടരാമന് അപകടത്തില്‍ കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്. അപകടം സംഭവിച്ച്‌ ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിടുന്നത്. ശ്രീറാമിനെതിരായ കുറ്റപത്രം 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുമാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. ആദ്യം മദ്യത്തിന്റെ മണം ഉണ്ടെന്നും സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ രക്ത പരിശോധന അടക്കമുള്ള കാര്യങ്ങൾ വൈകിപ്പിക്കുന്നതിന്, ഉന്നത ഇടപെടലുകൾ നടന്നതായ ആരോപണം ഉയർന്നിരുന്നു. പോലീസ് വകുപ്പിന്റെ പിടിപ്പുകേടായാണ് വിമർശകർ ഇതിനെ വ്യാഖ്യാനിച്ചത്. അന്വേഷണം തുടർന്നേക്കും.