
ന്യൂ ഡല്‍ഹി : അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ പിഴയായി ഈടാക്കിയത് ഏകദേശം 10,000 കോടിയോളം രൂപ. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കാര്യത്തിലെ സമീപനം മറ്റു ബാങ്കുകളെയും സമാന നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, വൻ വ്യവസായികളോട് ഉദാര സമീപനവും സാധാരണക്കാരെ പിഴിയുന്ന സർക്കാർ നയവുമാണ് ഇത്തരം പ്രവണതകൾക്ക് കാരണം എന്നും ഈ രംഗത്തുള്ളവർ പറയുന്നു.
22 ബാങ്കുകളാണ് ഇടപാടുകാരില്‍ നിന്നും കൊള്ളലാഭം കൊയ്തത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രധാന സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ പിഴയിനത്തില്‍ ഈടാക്കി.മൊത്തം 9721.94 കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്.
റിസര്‍വ്ബാങ്ക് മാര്‍ഗരേഖപ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളുള്‍പ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലന്‍സ് വേണ്ട. 35.27 കോടി ജന്‍ധന്‍ അക്കൗണ്ടുകളടക്കം മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത്. ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകള്‍ക്കാണു മിനിമം ബാലന്‍സ് ബാധകമായിട്ടുള്ളത്. ഇത്തരം അക്കൗണ്ടുകളില്‍ വിവിധ സേവനങ്ങള്‍ക്കു പണം ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാല്‍, നിലവില്‍ മിനിമം ബാലന്‍സ് വിവിധ ബാങ്കുകളില്‍ വിവിധ തരത്തിലാണുള്ളത്.
എസ്.ബി.ഐ. 2017 ജൂണില്‍ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക അയ്യായിരമായി ഉയര്‍ത്തിയിരുന്നു. ആ വര്‍ഷം ഏപ്രില്‍-നവംബറില്‍ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെ മിനിമം തുക മെട്രോനഗരങ്ങളില്‍ 3000 ആയും സെമി അര്‍ബന്‍ കേന്ദ്രങ്ങളില്‍ 2000 ആയും ഗ്രാമീണ മേഖലകളില്‍ 1000 ആയും കുറച്ചിരുന്നു. എ ടി എം സേവനങ്ങൾക്കും വലിയ തുകയാണ് ബാങ്കുകൾ ഈടാക്കുന്നത്. പ്രകൃതി ദുരന്തഘട്ടത്തിൽ പോലും ഇത്തരം പിഴയും സർവീസ് ചാർജുകളുടെയും കാര്യത്തിൽ ബാങ്കുകൾ ഇളവ് നൽകാറില്ല.