രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കും ; മന്ത്രിസഭായോഗം

0
70298

തിരുവനന്തപുരം : ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  

രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യവും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചുണ്ടായ അസ്വാഭാവിക മരണവും സംബന്ധിച്ച ക്രൈം 349/19 നമ്പര്‍ കേസിന്‍റെ അന്വേഷണമാണ് സിബിഐയെ ഏല്‍പ്പിക്കുക. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ ;

നിയമനങ്ങള്‍ / മാറ്റങ്ങള്‍

തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പിന്‍റെയും പിന്നോക്ക വിഭാഗ വികസന വകുപ്പിന്‍റെയും അധിക ചുമതലകള്‍ കൂടി ഇവര്‍ വഹിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിനെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും കായിക യുവജനകാര്യ വകുപ്പിന്‍റെയും അധിക ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ സൈനിക ക്ഷേമ വകുപ്പ്,  പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലകള്‍ കൂടി വഹിക്കും.

കല്യാശ്ശേരി മണ്ഡലത്തില്‍ തിയ്യേറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിനായി ചെറുതാഴം വില്ലേജിലെ 50 സെന്‍റ് മിച്ച ഭൂമി സാംസ്കാരിക വകുപ്പിന് 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമികൈമാറ്റ വ്യവസ്ഥയനുസരിച്ചായിരിക്കും കൈമാറ്റം.  

എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം

എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എക്സൈസ് ക്രൈം ബ്രാഞ്ച് വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി 13 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ വിഭാഗത്തില്‍ ഓരോ തസ്തികയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ  2 തസ്തികകളും പ്രിവന്‍റീവ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ഡ്രൈവര്‍ എന്നീ വിഭാഗത്തില്‍ 3 വീതം തസ്തികകളുമാണ് സൃഷ്ടിക്കുക.

കേരള കാഷ്യൂ ബോര്‍ഡിന് പ്രവര്‍ത്തന മൂലധനമായി കേരള സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും 250 കോടി രൂപ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ജാമ്യം നില്‍ക്കാന്‍ തീരുമാനിച്ചു.

വിവിധ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള ഡെലിഗേഷന്‍ ഓഫ് പവേഴ്സ് വര്‍ധിപ്പാന്‍ തീരുമാനിച്ചു. സാമ്പത്തികാധികാരങ്ങള്‍ വളരെ മുമ്പ് നിശ്ചയിച്ചവയായതിനാല്‍ യഥാസമയം പദ്ധതികളും പ്രവൃത്തികളും പൂര്‍ത്തികരിക്കുന്നതിന് വര്‍ധനവ് ആവശ്യമാണെന്ന് കണ്ടെത്തിയതിനാലാണ് ഇത്.

സപ്ലൈകോയുടെ നിലവിലുള്ള കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടി രൂപ വര്‍ദ്ധിപ്പിച്ച് 1425 കോടിയായി നിജപ്പെടുത്താന്‍ തീരുമാനിച്ചു. വര്‍ധിപ്പിച്ച തുകയ്ക്ക് ഗ്യാരന്‍റിയും ഗ്യാരന്‍റി കമ്മീഷനും സര്‍ക്കാര്‍ വഹിക്കും.

വിവിധ ഫെഡറേഷനുകളുടെ വായ്പാ കുടിശ്ശിക സെറ്റില്‍ ചെയ്യുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിക്കാന്‍ തീരുമാനിച്ചു.

പുതുതായി സൃഷ്ടിക്കുന്ന തസ്തികകള്‍

കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പ്പറേഷനില്‍ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പ്രൊജക്ട് ഓഫീസര്‍, വാച്ച്മാന്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ തസ്തിക വീതവും എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ 5 തസ്തികകളുമാണ് സൃഷ്ടിക്കുക.

സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍റ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ – കേരള (സ്കോള്‍-കേരള) യുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 80 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.