ഇത്തവണ സാലറി ചലഞ്ചില്ല ; ആരും ദുഷ്പ്രചരണങ്ങളിൽ വീഴരുതെന്നും പ്രളയ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആകണമെന്നും മുഖ്യമന്ത്രി

0
70320

തിരുവനന്തപുരം : ഇത്തവണ പ്രളയ പുനര്‍നിര്‍മാണത്തിനായി സാലറി ചലഞ്ച് പ്രത്യേകമായി നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ പങ്കെടുക്കാനുള്ള അവസരമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളവും അലവന്‍സുകളും ചേര്‍ത്ത് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 31000 കോടി രൂപയെങ്കിലും വേണമെന്നാണ് യുഎന്‍ കണക്കാക്കിയത്. ഇപ്പോള്‍ അത് വർധിച്ചിരിക്കുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനായി എല്ലാവരും സര്‍ക്കാരിനോടൊപ്പം കൈകോര്‍ക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതുമാണെന്നും അതിന്റെ പ്രയോജനം ലഭിക്കുന്നത് അര്‍ഹതയുള്ളവര്‍ക്കു മാത്രമാണെന്നും അദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസത്തിനുത്തിനു ജനങ്ങള്‍ നല്‍കിയ സംഭാവന അതിനു മാത്രമാണ് ഉപയോഗിക്കുക. കഴിഞ്ഞ പ്രളയത്തിനുശേഷം 2276.4 കോടി രൂപയാണ് സര്‍ക്കാര്‍ അങ്ങനെ ചെലവിട്ടത്. അതില്‍ 457.6കോടി രൂപ ആശ്വാസ സഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള ആശ്വാസമായി നല്‍കിയത് 1636 കോടി രൂപയാണ്. ചികിത്സാ സഹായത്തിനടക്കം പണം നല്‍കുന്നത് നിധിയിലേക്കുള്ള ബഡ്‌ജറ്റ് വിഹിതത്തില്‍ നിന്നാണ്.

വീട് നിര്‍മിക്കാന്‍ തുക അനുവദിച്ചാല്‍ അത് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് കൊടുത്തുതീര്‍ക്കുക.. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ഉള്‍പ്പെടെ വലിയ തുക അതിന് വേണ്ടതുണ്ട്. അതില്‍ നിന്നെടുത്ത് മ​റ്റാവശ്യങ്ങള്‍ക്കു ചെലവാക്കിയാല്‍ കഴിഞ്ഞ പ്രളയകാലത്തെ ദുരന്തബാധിതകര്‍ക്കുള്ള സഹായത്തെയാണ് ബാധിക്കുക മുഖ്യമന്ത്രി വിശദീകരിച്ചു.