73 ആം സ്വാതന്ത്ര്യ ദിനത്തിൽ ‘ഒരു രാജ്യത്തിന് ഒരു സേനാമേധാവി’ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

0
70402

ന്യൂ ഡല്‍ഹി : ഇന്ത്യക്ക് ഇനി ഒരു സെെനിക മേധാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും. ചീഫ് ഒഫ് ഡിഫന്‍സ് എന്നതായിരിക്കും പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. 73 ആം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ അഭിമാനമാണ് സുരക്ഷാസേനകള്‍. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി മുതല്‍ ചീഫ് ഒഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര-വ്യോമ-നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ ഇനി രാജ്യത്തുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തെയും രാഷ്ട്ര ഭരണത്തെയും മാറ്റി നിർത്തുക എന്ന ദീർഘവീക്ഷണത്തിലാണ് സേനയെ വികേന്ദ്രീകരണ അധികാരത്തിന് കീഴിലാക്കിയത്. എന്നാൽ ഇപ്പോഴത്തെ ബിജെപി നിലപാട് ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനം ആണ്.

ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സര്‍ക്കാരിനു താല്‍പര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മുകാശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും അനീതി സമ്മാനിച്ചവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.